പത്തനംതിട്ട: ഒരൊറ്റ രാത്രി പെയ്തൊഴിഞ്ഞ മഴയും പിന്നാലെയെത്തിയ ഉരുൾപൊട്ടലും തുടർ കെടുതികളും ചേർത്ത് മലയോരത്തെയും അപ്പർകുട്ടനാട്ടിലെയും ജനതയെ ഒരേപോലെ ദുരിതം വേട്ടയാടുന്നു. മലയോരം മുതൽ അപ്പർകുട്ടനാട് വരെയുള്ള പ്രദേശങ്ങൾ പ്രളയദുരിതം അനുഭവിക്കുകയാണ്.
ജില്ലയിലെ പ്രധാനപ്പെട്ട മൂന്നു നദികളും കരകവിഞ്ഞതോടെ പ്രളയം എല്ലാ മേഖലയിലും വ്യാപകമായി എന്നതാണ് പ്രധാന പ്രശ്നം. കിഴക്കൻ മേഖലയിൽ എവിടെ മഴ പെയ്താലും അത് പമ്പാ നദിയിൽ പ്രതിഫലിക്കും. ശബരിമല കാടുകളിൽ മഴ ശക്തമായതോടെ പമ്പയിലൂടെയും കക്കി ആറിലൂടെയും ഒഴുകിയെത്തിയ വെള്ളം പമ്പാ ത്രിവേണിയിൽ സംഗമിച്ച് ഗണപതി കോവിലിന് താഴെ പമ്പാ മണൽപ്പുറത്തുകൂടി കുത്തി യൊഴുകി.
മണൽപ്പുറത്തുള്ള സ്ഥിരം കെട്ടിടങ്ങളെ വകഞ്ഞു മാറ്റി ഇരു വശത്തുകൂടിയുമായിരുന്നു മലവെള്ളപ്പാച്ചിൽ. ചെറിയാനവട്ടം കടന്ന് അട്ടത്തോട് ജനവാസ മേഖലയിലൂടെ അലതല്ലി പാഞ്ഞ പമ്പയിലേക്ക് അഴുത നദി കൂടി ചേർന്നതോടെ ഇരു കരകളെയും ഗ്രസിച്ചുകൊണ്ടാണ് നദി അത്തിക്കയം കടന്നത്. പെരുനാടിന് താഴെ മൂഴിയാർ ഡാമിലെ ജലവും ഉരുൾപൊട്ടിയ ജലവുമായി കക്കാട്ടാറുകൂടി സംഗമിച്ചതോടെ മഹാപ്രളയത്തിന്റെ അവസ്ഥയിൽ എത്തി. വീണ്ടും താഴേക്ക് കുത്തി പാഞ്ഞ പമ്പ, വടശേരിക്കരയിൽ എത്തിയപ്പോൾ കല്ലാറ്റിലെ ജലംകൂടി ഏറ്റുവാങ്ങിയതോടെ ഉഗ്ര രൂപിണിയായി മാറി. മലനിരകൾക്ക് നടുവിലൂടെ വീർപ്പുമുട്ടി ഒഴുകിയ നദീജലം റാന്നിയിൽ എത്തിയപ്പോഴാണ് ഒന്നു കയറി ഒതുങ്ങാൻ സ്ഥലം കണ്ടെത്തിയത്.
പ്രളയം ഏറ്റുവാങ്ങാൻ എന്നും റാന്നി മാത്രം
സഹ്യസാനുക്കൾക്ക് നടുവിലൂടെ ഒഴുകിയെത്തുന്ന ജലത്തെ ഏറ്റുവാങ്ങാൻ തയാറാകുന്ന ആദ്യ സമനിലമാണ് റാന്നി. വലിയപാലം കഴിഞ്ഞ് മാമുക്ക് തോട്ടിലൂടെയാണ് നദീജലം റാന്നിയിലേക്ക് വ്യാപിക്കുന്നത്. തോട് കവിഞ്ഞ് ഇരുവശത്തേക്കും കുത്തിയൊഴുകുകയായിരുന്നു. വലിയകാവിൽ പൊന്തൻപുഴ വനമേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന വലിയ തോട്ടിലൂടെ പന്പയിലെ വെള്ളം തിരികെ കയറി പരമാവധി സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ അധികസമയം എടുത്തില്ല. ഉപാസനക്കടവിലൂടെയും പുളിമുക്ക് തോട്ടിലൂടെയും പേട്ട ഭാഗത്തേക്കും വെള്ളം എത്തി.
മലയിടുക്കിലെ സമതലഭൂമിയായ നഗരത്തിന്റെ എല്ലാ ഊടുവഴികളിലൂടെയും പ്രളയജലം പ്രവഹിക്കും എന്നതാണ് പ്രത്യേകത. മാമുക്ക്, ഇട്ടിയപ്പാറ, പേട്ട ഭാഗങ്ങൾ വെള്ളത്തിനടിയിലാകാൻ അധികസമയം വേണ്ടിവന്നില്ല. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കും വെള്ളം എത്തി. വലിയപാലത്തോടു ചേർന്ന് റോഡ് അല്പം ഉയർന്നിട്ടുള്ളതിനാൽ പെരുന്പുഴ കരയ്ക്ക് വലിയ ആഘാതം ഉണ്ടാകാറില്ല. മാമുക്കിനും ഇട്ടിയപ്പാറയ്ക്കും മധ്യേ യുപി സ്കൂളിനു തൊട്ടുതാഴെ നിന്ന് ബൈപാസ് വരെയുള്ള ഭാഗങ്ങളിലും വെള്ളം സാധാരണ നിലയിൽ എത്താറില്ല.
റാന്നിയിൽനിന്നും താഴേക്കുള്ള പ്രയാണ വീഥിയിൽ അധിക ജലം ഏറ്റുവാങ്ങാൻ പുതമൺ, ഇടപ്പാവൂർ, അയിരൂർ തുടങ്ങിയ മേഖലകളിലെ വയലുകൾ ഉണ്ടെങ്കിലും ആറന്മുള പിന്നിടുമ്പോൾ മാത്രമാണ് പ്രളയത്തിന്റെ തീവ്രത കുറയുക. റോഡുകളിലേക്കും താഴ്ന്ന പ്രദേശങ്ങളിലേക്കും വെള്ളം വ്യാപിക്കുമെങ്കിലും കോഴഞ്ചേരി പിന്നിടുന്പോഴേക്കും വിസ്തൃതിയേറിയ നദി ഇരുവശങ്ങളിലായി കൂടുതൽ പ്രദേശങ്ങളിലേക്ക് കവിഞ്ഞൊഴുകും. റോഡുകളിലൂടെ കുത്തൊഴുക്കിന് ഇതു കാരണമാകുകയും ചെയ്യും.
1500-ൽ പരം ഏക്കർ വിസ്തൃതിയുള്ള ആറന്മുള പുഞ്ച പ്രളയജലത്തിന് ഇടം ഒരുക്കുന്നതോടെ പടിഞ്ഞാറൻ മേഖലകളിലേക്കുള്ള കുത്തൊഴുക്കിന് അല്പം ശമനം ഉണ്ടാകും. നീർവിളാകം, ചെമ്പിൽ കണ്ടം, പൂഴിക്കുന്ന്, നെല്ലിക്കൽ തുടങ്ങിയ മേഖലകളിൽ പ്രളയ ജലം കയറി ഒതുങ്ങുന്നതോടെയാണ് തീവ്രത കുറയുന്നത്.
അച്ചൻകോവിൽ മണിമല നദികൾ
പമ്പയുടെ പ്രധാന പോഷക നദികളായ അച്ചൻകോവിലാറും മണിമലയാറും 2018 ന് ശേഷം നിരവധി തവണ ക്ഷോഭിച്ചതിന്റെ ആഘാതം കുട്ടനാടൻ ജനതയാണ് കൂടുതൽ ഏറ്റുവാങ്ങിയത്. കിഴക്ക് അച്ചൻകോവിൽ വനത്തിലും കോന്നി വനത്തിലും മഴ ശക്തമായാൽ നദി കര കവിയുമെന്ന കാര്യം ഉറപ്പാണ്. കോന്നി, കുമ്പഴ, പത്തനംതിട്ട, ഓമല്ലൂർ, കൈപ്പട്ടൂർ, പന്തളം, കൊല്ലകടവ്, ചെന്നിത്തല, പള്ളിപ്പാട്, വീയപുരം മേഖലകളിൽ ഇതിന്റെ അനന്തരഫലമറിയാം. അച്ചൻ കോവിൽ, കോന്നി വനമേഖലയിൽ ഉരുൾപൊട്ടലിനുള്ള സാധ്യതയും ഏറെയാണ്.
കിഴക്ക് ഈരാറ്റുപേട്ട, കുട്ടിക്കൽ മേഖലയിൽ ഉണ്ടാകുന്ന മലവെള്ളപ്പാച്ചിലിനെ മണിമലയാറാണ് ഏറ്റെടുക്കുന്നത്. നദിയുടെ ഇരുവശവും മലനിരകൾ ആണ്. കോട്ടാങ്ങലിലെത്തുന്പോഴേക്കും പത്തനംതിട്ട ജില്ലയുടെ പ്രദേശങ്ങൾ നദിയിലെ പ്രളയത്തിന്റെ ദുരിതം ഏറ്റെടുത്തു തുടങ്ങും. കഴിഞ്ഞ ഏതാനും വർഷങ്ങളായി മണിമലയാറ്റിലെ തുടർച്ചയായ പ്രളയത്തിന്റെ ദുരിതം കോട്ടാങ്ങൽ, വായ്പൂര് കരകൾ നേരിട്ടുവരികയാണ്. ഇത്തവണയും കാർഷിക മേഖലയിൽ വൻ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. വീടുകളിലേക്കും വെള്ളം കയറി.
താഴേക്ക് എത്തുന്പോൾ ആനിക്കാട്, മല്ലപ്പള്ളി പ്രദേശങ്ങളിലെ റോഡുകളിലേക്ക് വെള്ളം കവിഞ്ഞൊഴുകുക പതിവാണ്. ഇത്തവണ മല്ലപ്പള്ളി ബസ് സ്റ്റാൻഡിലടക്കം വെള്ളം കയറി.
വീതി കറവയ മണിമലയാറ്റിലെ കുത്തൊഴുക്കിനിടെ കവിഞ്ഞൊഴുകുന്ന വെള്ളം പുതുശേരി, കല്ലൂപ്പാറ, വള്ളംകുളം, കുറ്റൂർ, തലയാർ, ഇരമല്ലിക്കര മേഖലകളാണ് പ്രളയജലത്തെ ഏറ്റെടുക്കുക. അതിനാൽ ദുരിതം ഏറെ അനുഭവിക്കുന്നതും ഇവിടെയുള്ളവർ ആയിരിക്കും. അപ്പർകുട്ടനാട്ടിൽ പന്പയുമായി ചേർന്ന് മണിമലയാറ്റിലെ ജലവും ദുരിതദിനങ്ങൾ തന്നെ സമ്മാനിക്കും.